Image-Description
16 Published Books
ഡോ. യൂസുഫുല്‍ ഖറദാവി

ഡോ. യൂസുഫുല്‍ ഖറദാവി ആധുനിക ഇസ്ലാമിക പണ്ഡിതന്മാരില്‍ പ്രമുഖന്‍. പ്രബോധകന്‍, പരിഷ്കര്‍ത്താവ് എന്നീ നിലകളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വം. ജനനം 1926-ല്‍ ഈജിപ്തിലെ ത്വന്‍തക്കടുത്ത സ്വഫ്ത് തുറാബില്‍. ചെറുപ്പത്തിലേ അതീവ ബുദ്ധിമാനായ ഖറദാവി പത്തുവയസ്സിനു മുമ്പേ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും പാരായണ നിയമത്തില്‍ അവഗാഹം നേടുകയും ചെയ്തു. ത്വന്‍തയിലെ മതപാഠശാലയില്‍വെച്ച് പ്രൈമറി, സെക്കന്‍ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് അല്‍ അസ്ഹറില്‍ ചേര്‍ന്നു. '53-ല്‍ ഒന്നാം സ്ഥാനത്തോടെ ആലിയ ബിരുദം നേടി. '54-ല്‍ ഒന്നാം റാങ്കോടെ മാസ്റ്റര്‍ ബിരുദവും '58-ല്‍ ഭാഷയിലും സാഹിത്യത്തിലും ഡിഗ്രിയും '60-ല്‍ ഉലൂമുല്‍ ഖുര്‍ആനിലും സുന്നത്തിലും മാസ്റ്റര്‍ ഡിഗ്രിയും ലഭിച്ചു. '73 സാമൂഹ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാതിന്‍റെ സ്വാധീനം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. ഇമാം ഗസ്സാലിയുടെ മിന്‍ഹാജുല്‍ ആബിദീന്‍, ഇഹ്യാ ഉലൂമിദ്ദീന്‍ തുടങ്ങിയ ഗ്രന്ഥങ്ങളും ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ, ശിഷ്യന്‍ ഇബ്നുല്‍ ഖയ്യിം, അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്‍ സ്ഥാപക നേതാവ് ഇമാം ഹസനുല്‍ ബന്ന എന്നിവര്‍ ഖറദാവിയെ ഏറെ സ്വാധീനിച്ചു. അധ്യാപനവും ഖുതുബയും നടത്തി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഈജിപ്തിലെ മതകാര്യ വകുപ്പിന്‍റെ കീഴിലുള്ള മഅ്ഹദുല്‍ അഇമ്മയുടെ ഇന്‍സ്പെക്ടറും അസ്ഹര്‍ യൂനിവേഴ്സിറ്റി പ്രസിദ്ധീകരണ വിഭാഗം തലവനുമായി പ്രവര്‍ത്തിച്ചു. '61-ല്‍ റിലീജ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഇന്‍സ്പെക്ടറായി ദോഹയിലെത്തി. '73-ല്‍ ഖത്തറില്‍ മതകാര്യമേധാവിയായി. '77-ല്‍ ഖത്തര്‍ യൂനിവേഴ്സിറ്റിയുടെ കീഴില്‍ ശരീഅത് കോളേജ് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു. '90 വരെ ശരീഅത് കോളേജിന്‍റെ പ്രിന്‍സിപ്പലായി. ഇടക്കാലത്ത് അള്‍ജീരിയയിലെ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും നിരീക്ഷകനുമായി. ഇപ്പോള്‍ ഖത്തര്‍ യൂനിവേഴ്സിറ്റിയില്‍ സീറ-സുന്ന ഗവേഷണകേന്ദ്രം ഡയരക്ടറാണ്. നാല് പതിറ്റാണ്ടിലേറെയായി ദോഹയിലെ വലിയ പള്ളിയില്‍ തറാവീഹ് നമസ്കാരത്തിന് നേതൃത്വം നല്‍കുകയും ഉമറുബ്നുല്‍ ഖത്താബ് പള്ളിയില്‍ ഖുതുബ നിര്‍വഹിക്കുകയും ചെയ്യുന്നു. സ്വന്തമായ വെബ്സൈറ്റ് വഴി നടത്തുന്ന 'ഇസ്ലാം ഓണ്‍ലൈന്‍' പരിപാടിക്ക് വമ്പിച്ച സ്വാധീനം ലഭിച്ചിട്ടുണ്ട്. മക്കയിലെ മുസ്ലിം വേള്‍ഡ് ലീഗ്, കുവൈതിലെ അന്താരാഷ്ട്ര ഇസ്ലാമിക് ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളിലും യൂനിവേഴ്സിറ്റികളിലും കൗണ്‍സിലുകളിലും അംഗമാണ്. നൂറുകണക്കിന് ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഫിഖ്ഹുസ്സകാത് അദ്ദേഹത്തിന്‍റെ കനപ്പെട്ട ഗ്രന്ഥങ്ങളിലൊന്നാണ്. ഇസ്ലാമും ദാരിദ്ര്യനിര്‍മാര്‍ജനവും, വിശ്വാസവും ജീവിതവും, വിധിവിലക്കുകള്‍, ഖറദാവിയുടെ ഫത്വകള്‍, മത തീവ്രവാദം, ഇസ്ലാമിക പ്രബോധനം മുന്‍ഗണനാക്രമം, സമയം വിശ്വാസിയുടെ ജീവിതത്തില്‍, ഇസ്ലാമും കലയും, ഇസ്ലാമിക ശരീഅത് തത്ത്വവും പ്രയോഗവും, ആഗോളവല്‍ക്കരണവും മുസ്ലിംകളും, മുസ്ലിം ഐക്യം സാധുതയും സാധ്യതയും, പ്രബോധകന്‍റെ സംസ്കാരം, നോമ്പിന്‍റെ കര്‍മശാസ്ത്രം, സഹനം തുടങ്ങിയവ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങളാണ്. ഇസ്ലാമിക് ഡവലപ്മെന്‍റ് ബാങ്ക് അവാര്‍ഡ്, കിംഗ് ഫൈസല്‍ അവാര്‍ഡ്, മലേഷ്യന്‍ ഇന്‍റര്‍നാഷനല്‍ യൂനിവേഴ്സിറ്റിയുടെ പ്രത്യേക അവാര്‍ഡ്, സുല്‍ത്താന്‍ ഹസന്‍ അല്‍ ബോക്കിയ അവാര്‍ഡ്, ദുബൈ അന്താരാഷ്ട്ര ഖുര്‍ആന്‍ അവാര്‍ഡിനോടനുബന്ധിച്ച് നല്‍കി വരുന്ന മികച്ച ഇസ്ലാമിക വ്യക്തിത്വത്തിനുള്ള പുരസ്കാരം(2001) എന്നിവ ഇതിനകം ഖറദാവി നേടി.


WhatsApp