കെ.സി. അബ്ദുല്ല മൗലവി (1920-1995) പണ്ഡിതന്‍, ഗ്രന്ഥകാരന്‍, ജമാഅത്തെ ഇസ്ലാമി നേതാവ്. 1920 ഫെബ്രു. 22-ന് കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ ജനനം. പിതാവ്: കുന്നത്തു ചാലില്‍ ഹുസൈന്‍ മുസ്ലിയാര്‍. മാതാവ്: അത്വിയ്യഃ. 1943-ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍നിന്ന് എം.എഫ്.ബിയും മദിരാശി യൂണിവേഴ്സിറ്റിയില്‍നിന്ന് അഫ്ദലുല്‍ ഉലമയും കരസ്ഥമാക്കി. വാഴക്കാട് ദാറുല്‍ ഉലൂം, ആലിയ അറബിക് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി. 1949-ല്‍ പ്രബോധനം ആരംഭിച്ചപ്പോള്‍ ഹാജി സ്വാഹിബിന്‍റെ സഹായിയായി ജമാഅത്ത് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. 1959 മുതല്‍ 22 വര്‍ഷക്കാലം ജമാഅത്ത് കേരള അമീര്‍. 1948-മുതല്‍ ജമാഅത്ത് കേരള ശൂറാ ആംഗം. 1950-ല്‍ കേന്ദ്ര പ്രതിനിധിസഭ, മജ്ലിസുശ്ശൂറാ എന്നിവയിലും അംഗമായി. 1965-ലും 1975-ലും ജയില്‍വാസം. വിദ്യാഭ്യാസ-പ്രസിദ്ധീകരണ രംഗത്ത് പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയാ അസോസിയേഷനും അനുബന്ധ സ്ഥാപനങ്ങളും, ദഅ്വാ കോളേജ്, മജ്ലിസ് പാഠ്യ പദ്ധതി-സ്ഥാപനങ്ങള്‍, മലര്‍വാടി, ആരാമം, ശാസ്ത്ര വിചാരം, ബോധനം, മാധ്യമം തുടങ്ങിയവ കെ.സി.യുടെ മേല്‍നോട്ടത്തില്‍ പിറവിയെടുത്തവയാണ്. വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി രൂപവത്കരിച്ച ഐ.എസ്.എല്‍(ഐഡിയല്‍ സ്റ്റുഡന്‍റ്സ് ലീഗ്), എസ്.ഐ.ഒ, ജി.ഐ.ഒ എന്നിവയുടെ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ചു. മസ്ഊദ് ആലം നദ്വിയുടെ ഇസ്ലാം ഓര്‍ ഇശ്തിറാകിയ്യ, നഈം സ്വിദ്ദീഖിയുടെ തിറാഹ എന്നിവ പരിഭാഷപ്പെടുത്തി. അല്ലാഹു ഖുര്‍ആനില്‍, പരലോകം ഖുര്‍ആനില്‍, ഇബാദത്ത് ഒരു സമഗ്ര പഠനം, നമസ്കാരത്തിന്‍റെ ചൈതന്യം, നോമ്പിന്‍റെ ചൈതന്യം, പ്രബോധനം ഒരു മുഖവുര, ജിന്നുകളും മലക്കുകളും, ഖാദിയാനിസത്തിന്‍റെ വേരുകള്‍, പ്രബോധനം ഖുര്‍ആനില്‍, പ്രബോധനത്തിന്‍റെ പ്രാധാന്യം എന്നിവ പ്രധാന കൃതികള്‍. ഒട്ടനവധി ദേശീയ, അന്തര്‍ദേശീയ സംരംഭങ്ങളില്‍ അംഗമായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ മിക്കതും സന്ദര്‍ശിച്ചു. അവിടങ്ങളിലെ ഇസ്ലാമിക നേതൃത്വവുമായും ഭരണകര്‍ത്താക്കളുമായും ബന്ധം പുലര്‍ത്തി. 1995 ആഗസ്റ്റ് 13-ന് അന്തരിച്ചു.