അറബി ഭാഷയുടെ ആഴവും അർത്ഥവും അന്വേഷിച്ച്, അതിൻ്റെ അകവും പൊരുളും തേടി അലഞ്ഞ മുഹമ്മദ് അസദ്, പ്രഥമമായും പരിശ്രമിച്ചത് പ്രവാചകൻ്റെ കാലത്തെ അറബികളോട് ഖുർആൻ എങ്ങനെയാണ് സംവദിച്ചത്, അവരതിനെ എങ്ങനെയാണ് അറിയുകയും അനുഭവിക്കുകയും ചെയ്‌തത് എന്നറിയാനാണ്. അതിനാൽ, ലിയൊപോൾഡ് വെയ്‌സ് എന്ന ജ്ഞാനകുതുകി അറബ് ഭൂപ്രദേശത്തുകൂടി മാത്രമല്ല, അറബി ഭാഷയിലൂടെയും സഞ്ചരിച്ചു. ഖുർആൻ്റെ ഭാഷയിൽ സംസാരിക്കുകയും ജീവിക്കുകയും ചെയ്‌ത ആദിമഗോത്ര പാരമ്പര്യത്തിൻ്റെ ഇന്നത്തെ പിൻമുറക്കാരുടെ ജീവിതങ്ങളിലൂടെ അദ്ദേഹം തീർത്ഥയാത്ര നടത്തി. പ്രവാചകൻ്റെ കാലത്തെ ജനത, അവരിൽ പരമ്പരാഗതത്വത്തിൻ്റെയോ സ്വാർത്ഥ താത്‌പര്യങ്ങളുടെയോ പേരിൽ പ്രവാ ചകദൗത്യത്തെ എതിർത്തവർ പോലും, സന്ദേഹലേശമെന്യ അനുഭവിച്ച ഖുർആൻ്റെ ആകർഷണശക്തിയെ അതേ കാലത്തിലും മാനസികാവസ്ഥയിലും നിന്നുകൊണ്ട് മുഹമ്മദ് അസദ് എന്ന ലിയൊപോൾഡ് വെയ്‌സ് അനുഭവിച്ചറിഞ്ഞു.
തൻ്റെ അനുഭൂതികളെ അത്യാകർഷകമായ ഭാഷയിൽ ഇംഗ്ലീഷിലേക്ക് പരാവർത്തനം ചെയ്തതാണ് THE MESSAGE OF THE QURAN എന്ന കൃതി. വ്യഥാസ്ഥൂലത തെല്ലുമില്ലാതെ ആയിരത്തി ഇരുനൂറിൽപ്പരം പേജുകളിൽ ഒരൊറ്റ വാല്യം പുസ്‌തകം. ഈ കൃതിയുടെ മലയാള വിവർത്തനമാണ്, 'ഖുർആൻ്റെ സന്ദേശം' എന്ന പേരിൽ, നാല് വാല്യങ്ങളിലായി സാഭിമാനം METAPHOR PAGES നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്.