Image-Description
2 Published Books
ഡോ. നജാതുല്ലാ സ്വിദ്ദീഖി

ഡോ. നജാതുല്ലാ സ്വിദ്ദീഖി പ്രശസ്ത ധനശാസ്ത്രജ്ഞനും ഇസ്ലാമിക പണ്ഡിതനും. 1931-ല്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ജനനം. ജന്മനാട്ടില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അലീഗര്‍ മുസ്ലിം യൂനിവേഴ്സിറ്റിയില്‍ ചേര്‍ന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1950-ല്‍ റാംപൂരിലെ ഥാനവി ദര്‍സ്ഗാഹില്‍ ചേര്‍ന്ന് അറബിയും ഇസ്ലാമിക വിജ്ഞാനീയങ്ങളും പഠിച്ചു. അലീഗര്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ധനശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയശേഷം 1978 വരെ അവിടെ അധ്യാപകനായി ജോലി ചെയ്തു. പിന്നീട് ദീര്‍ഘകാലം ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയിലെ ഇസ്ലാമിക ധനശാസ്ത്ര ഗവേഷണകേന്ദ്രത്തില്‍ പ്രൊഫസറായും ഗവേഷണകേന്ദ്രം പ്രസിദ്ധീകരിക്കുന്ന അക്കാദമിക് ജേര്‍ണലിന്‍റെ എഡിറ്റോറിയല്‍ ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിച്ചു. അലീഗറിലായിരിക്കെ 'ഇസ്ലാമിക് ഥോട്ട്' എന്ന ഇംഗ്ലീഷ് ജേര്‍ണലിന്‍റെ പത്രാധിപ സമിതിയിലും അംഗമായിരുന്നിട്ടുണ്ട്. ഇസ്ലാമിക ധനശാസ്ത്ര ചിന്തക്ക് നല്‍കിയ സംഭാവനകളെ പുരസ്കരിച്ച് 1982-ലെ ഫൈസല്‍ ഇന്‍റര്‍നാഷണല്‍ അവാര്‍ഡും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിന്‍റെ 'ഷാ വലിയുല്ലാഹ്' അവാര്‍ഡും അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു. ഉര്‍ദുവിലും ഇംഗ്ലീഷിലുമായി ധാരാളം കൃതികള്‍ ഡോ. നജാതുല്ലാ സ്വിദ്ദീഖി രചിച്ചിട്ടുണ്ട്. ഗൈറുസൂദി ബങ്ക്കാരി (പലിശരഹിത ബാങ്കിംഗ്), ഇസ്ലാം ക നസ്രിയ മുല്‍കിയ്യത്ത് (ഇസ്ലാമിന്‍റെ ഉടമാവകാശ സങ്കല്‍പം), തഹ്രീകെ ഇസ്ലാമി അസ്വ്റെ ഹാസിര്‍ മേം (ഇസ്ലാമിക പ്രസ്ഥാനം ആധുനിക യുഗത്തില്‍) എന്നിവയാണ് ഉര്‍ദുവിലെ പ്രധാനകൃതികള്‍. ഇംഗ്ലീഷില്‍ 'മുസ്ലിം എകണോമിക് ഥോട്ട്' ഏറെ സ്വീകാര്യത നേടിയ കൃതിയാണ്. അദ്ദേഹത്തിന്‍റെ പല കൃതികളും ഇന്തോനേഷ്യന്‍, മലേഷ്യന്‍, പേര്‍ഷ്യന്‍, തുര്‍കി, അറബി ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ 'ജമാഅത്തെ ഇസ്ലാമി മതേതര ഭാരതത്തില്‍' എന്ന അദ്ദേഹത്തിന്‍റെ ലഘു കൃതി മാത്രമേ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളൂ. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ബുദ്ധികേന്ദ്രങ്ങളിലൊരാളായി അറിയപ്പെടുന്ന ഡോക്ടര്‍ സ്വിദ്ദീഖി പലതവണ പ്രസ്ഥാനത്തിന്‍റെ കേന്ദ്രകൂടിയാലോചനാ സമിതിയിലേക്കും പ്രതിനിധിസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 'ഇസ്ലാം മുസ്ലിംകള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍' എന്ന ഈ കൃതി ഡോ. സ്വിദ്ദീഖിയുടെ ആറു ലേഖനങ്ങളുടെ സമാഹാരമാണ്. എഴുപത് വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ഇന്ത്യയിലെയും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലെയും ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ കര്‍മപദ്ധതിയില്‍ കാലോചിതമായി വരുത്തേണ്ട അനിവാര്യ മാറ്റങ്ങളെക്കുറിച്ചാണ് ഇതില്‍ പരാമര്‍ശിക്കുന്നത്. ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ജനാധിപത്യവത്കരണം, സ്ത്രീ ശാക്തീകരണം, പുതിയ സാങ്കേതികവിദ്യയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തല്‍, ജനകീയ പ്രശ്നങ്ങളില്‍ ശ്രദ്ധയൂന്നല്‍ തുടങ്ങി ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ മുന്‍ഗണനാക്രമത്തില്‍ ഇടം നല്‍കപ്പെടേണ്ട ഒട്ടേറെ വിഷയങ്ങളെക്കുറിച്ച് ഇതില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അതോടൊപ്പം, ഭീകരത, തീവ്രവാദം, ജിഹാദ്, ഇജ്തിഹാദ്, മുജാഹദതുന്നഫ്സ് തുടങ്ങിയ മറ്റു വിഷയങ്ങളിലും മൗലികമായ തന്‍റെ കാഴ്ചപ്പാടുകള്‍ അദ്ദേഹം ശക്തിയുക്തം അവതരിപ്പിക്കുന്നു.


WhatsApp